ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്‍റെ പേരും ചര്‍ച്ചയിലുണ്ട്. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാതിരിക്കാന്‍ ചിലരെ ഇതിനോടകം ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി. ഈ ഹോട്ടലില്‍ വച്ച്‌ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന യോഗവും നടക്കും.

40 സീറ്റില്‍ ജയിച്ചാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഭരണ വിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്‍റെ വിജയം. മോദി പ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണത്തിന് പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിനുള്ള ഹിമാചലിന്‍റെ അംഗീകാരം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും വിജയ ഘടകമായി. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ ക‌ര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാ‌ര്‍ന്ന വിജയം.

ഒബിസി വോട്ടുകള്‍ നി‌ര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. ആപ്പിള്‍ ക‌ര്‍ഷകര്‍ക്ക് നി‌ര്‍ണായക സ്വാധീനമുള്ള ഷിംലയിലും കിന്നൗറും, സ‌ര്‍ക്കാ‌ര്‍ ഉദ്യോഗസ്ഥ‌ര്‍ക്ക് സ്വാധീനമുള്ള നഗരമേഖലകളും കോണ്‍ഗ്രസിനൊപ്പം നിന്നു. പരമ്ബരാഗതമായി തുണയ്ക്കുന്ന ഉന സോലന്‍ ജില്ലകളിലും കോണ്‍ഗ്രസ് കരുത്തുകാട്ടി. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും ഉച്ചയോടെ കോണ്‍ഗ്രസ് വ്യക്തമായ ലീഡുയര്‍ത്തി.

ശക്തികേന്ദ്രങ്ങളിലടക്കം വിമതരാണ് ബിജെപിക്ക് തിരിച്ചടിയായത്. വിജയിച്ച മൂന്ന് സ്വതന്ത്രരില്‍ രണ്ട് പേരും ബിജെപി വിമതരാണ്. ഭരണ വിരുദ്ധ വികാരവും തോല്‍വിക്ക് കരാണമായി. അന്തിമ ഫലപ്രഖ്യപനത്തിന് കാക്കാതെ മുഖ്യമന്ത്രി ജയറാം താക്കൂര്‍ തോല്‍വി സമ്മതിച്ചു. ഇരുപാര്‍ട്ടികളുടെയും വോട്ടുകള്‍ ചോര്‍ത്തുമെന്ന് കരുതിയ ആംആദ്മി പാ‌ര്‍ട്ടി സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കിയില്ലെന്നതും ശ്രദ്ധേയമായി.

© 2024 Live Kerala News. All Rights Reserved.