ആറ്റുകാൽ പൊങ്കാല: ന​ഗരസഭ ശേഖരിച്ച മൂന്നുലക്ഷത്തോളം ഇഷ്ടികകൾ മുപ്പതോളം വീടുകൾ നിർമ്മിക്കാൻ സൗജന്യമായി നൽകും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സൗജന്യ ഇഷ്ടികക്ക് അപേക്ഷ നൽകാം. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ, വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ തുടങ്ങിയ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്കാണ് മുൻഗണന.

ഗുണഭോക്താക്കൾ രേഖകൾ സഹിതം (ആധാർ കോപ്പി, കെട്ടിടനിർമാണ അനുവാദപത്രം പകർപ്പ്) മാർച്ച് രണ്ടിനുള്ളിൽ മേയറുടെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ: 9946353917. നിലവിൽ ജഗതിയിലെ കോർപ്പറേഷൻ മൈതാനത്താണ് ഇഷ്ടികകൾ സൂക്ഷിച്ചിരിക്കുന്നത്. ഇടറോഡുകളിലുള്ള കട്ടകൾ റോഡരികിലേക്കു മാറ്റി സൂക്ഷിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ രാത്രി ഇവ മൈതാനത്തേക്ക് മാറ്റും.200 ലോഡ് കട്ടകളാണ് ഞായറാഴ്ച രാത്രി ശേഖരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ആദ്യ ദിവസത്തെ ശുചീകരണം അവസാനിച്ചത്.

© 2025 Live Kerala News. All Rights Reserved.