special Report:മേമന്‍ വിഷയം: തൂക്കിലേറ്റപ്പെട്ടപ്പോള്‍ നേട്ടമുണ്ടായതാര്‍ക്ക് കോട്ടമുണ്ടായതാര്‍ക്ക് ?… ബിനോയ് അശോകന്‍ ചാലക്കുടി എഴുതുന്നു

അത് എന്ത് തന്നെ ആയാലും രാജ്യം ഒരു ആക്രമണം നേരിടുകയാണെങ്കില്‍ മതവും രാഷ്ട്രീയവും നോക്കി രാജ്യത്തിന് അകത്തു നിന്ന് ആരൊക്കെയാണ് ശത്രുപക്ഷം ചേരുക എന്ന് ഗവര്‍മെന്റിനും ഇവിടുത്തെ സാമാന്യജനത്തിനും ഏകദേശം ഒരു ധാരണ ഉണ്ടാക്കാന്‍ ഈ സംഭവവികാസങ്ങള്‍ ഉപകരിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല.

11824258_1034906873200361_1066087423_n

ബിനോയ് അശോകന്‍ ചാലക്കുടി എഴുതുന്നു

യാകുബ് മേമന്‍ വിഷയത്തില്‍ രാജ്യദ്രോഹകുറ്റത്തിന് നടപടിയെടുക്കുന്നതിനു മുന്‍പായി മൂന്നു ചാനലുകള്‍ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ആ വിഷയത്തെ രാജ്യത്തെ വിവിധ തല്‍പരകക്ഷികള്‍ കൈകാര്യം ചെയ്തതും അതിലെ വിജയപരാജയങ്ങളും നേട്ടകോട്ടങ്ങളും ഒന്ന് തിരിഞ്ഞു നോക്കുന്നത് കൌതുകകരമായിരിക്കും.

രാജ്യത്ത് ഒരു കമ്മ്യൂണല്‍ പോളറൈസേഷന്‍സാമുദായിക ധ്രുവീകരണം ഉണ്ടായാല്‍ അതിന്റെ ഗുണഭോക്താവ് ബിജെപിയായിരിക്കും എന്ന് അവരുടെ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കന്ന സിദ്ധാന്തത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ യാക്കൂബ് മേമന്‍ വിഷയത്തില്‍ ബംബര്‍ അടിച്ചിരിക്കുകയാണ് ബിജെപിക്ക്, കൈ നനയാതെ ചാകര കോരാനുള്ള അവസരം ആണ് പ്രകാശ് കാരാട്ടിന്റെത് പോലുള്ള നിരുത്തരവാദപരമായ നിലപാടുകളിലൂടെ എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കി കൊടുത്തത്.

അത് എന്ത് തന്നെ ആയാലും രാജ്യം ഒരു ആക്രമണം നേരിടുകയാണെങ്കില്‍ മതവും രാഷ്ട്രീയവും നോക്കി രാജ്യത്തിന് അകത്തു നിന്ന് ആരൊക്കെയാണ് ശത്രുപക്ഷം ചേരുക എന്ന് ഗവര്‍മെന്റിനും ഇവിടുത്തെ സാമാന്യജനത്തിനും ഏകദേശം ഒരു ധാരണ ഉണ്ടാക്കാന്‍ ഈ സംഭവവികാസങ്ങള്‍ ഉപകരിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല.

അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും കാര്യത്തില്‍ കണ്ടതിനു വിപരീതമായി രഹസ്യമായി ശിക്ഷ നടപ്പാക്കുക എന്നതിന് പകരം ശിക്ഷ നടപ്പാക്കാന്‍ പോകുന്ന ദിവസം മുന്‍കൂട്ടി പ്രഖ്യാപിച്ചതും അതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനുള്ള തീരുമാനവും ഈ ഒരു സാഹചര്യം ഒരുക്കുന്നതിനായി ഗവര്‍മെന്റ് ബോധപൂര്‍വം സൃഷ്ട്ടിച്ചതാണോ എന്ന് ഉറപ്പില്ല. എന്തായാലും അതൊരു സര്‍ക്കാര്‍ സ്‌പോണ്‌സേര്‍ട് കെണിയായിരുന്നെങ്കില്‍ അതിലേക്കു ഓടിക്കയറിയത് ഒരു പാട് പേരായിരുന്നു. സ്വന്തം പാര്‍ട്ടിക്കാരെ പോലും നിരായുധരാക്കി മാറ്റിയ ‘മേമന്‍മുസ്ലിം’ പ്രസ്താവനയിലൂടെ പ്രകാശ് കാരാട്ടും അങ്ങനെ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയും ആണ് ആ കെണിയില്‍ കുരുങ്ങിയ ഏറ്റവും മുഴുത്ത ഇര പ്രൈസ് കാച് .
ഒരു പക്ഷെ ഇന്‍ഡോചൈന യുദ്ധ സമയത്ത് ഇ.എം.എസ് നടത്തിയെന്ന് പറയപ്പെടുന്ന ചൈന അനുകൂല പ്രസ്താവനക്ക് ഒപ്പം നില്‍ക്കാവുന്ന രീതിയില്‍ എക്കാലവും എതിരാളികള്‍ക്ക് എടുത്തു പ്രയോഗിക്കാന്‍ പറ്റുന്ന ഒരു ആയുധം കൊടുക്കുകയായിരുന്നു പ്രകാശ് കാരാട്ട്. കാനം രാജേന്ദ്രനും മറ്റും സംശയം പ്രകടിപ്പിച്ച, ഇടതു പക്ഷത്തിന്റെ ന്യുനപക്ഷപ്രീണനം എന്ന എതിരാളികളുടെ നിരന്തര പ്രചാരണത്തിനു അംഗീകാരം കൊടുക്കുന്നതിനു തുല്ല്യാമായി ആ പ്രസ്താവന.

അടുത്തതായി ഈ സംഭവവികാസങ്ങളില്‍ പരാജയപ്പെട്ടത് ഒരു വലിയ വിഭാഗം മുഖ്യധാര മാധ്യമങ്ങള്‍ MSM ആയിരുന്നു. അതിലെ മൂന്ന് ചാനലുകള്‍ക്കാണ് രാജ്യദ്രോഹകുറ്റത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കുപ്രസിദ്ധ ഡല്ഹി മാനഭംഗകേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ ആവശ്യപ്പെട്ട് ഒരുപാട് പത്രത്താളുകളും ഓണ്‌ലൈന്‍ സ്‌പേസും ചിലവാക്കിയ അവര്‍ പക്ഷെ മേമന്‍ വിഷയത്തില്‍ ഒറ്റയടിക്ക് വധശിക്ഷക്കെതിരാവുന്ന വിരോധാഭാസം ആണ് ഇന്ത്യക്കാര്‍ കണ്ടത്. ഇതേ അവസ്ഥയില്‍ എത്തിപ്പെട്ട മറ്റൊരു വിഭാഗം ആയിരുന്നു റേപ്പ്‌കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍ ആവശ്യപ്പെട്ടു കാന്റില്‍ലൈറ്റ്‌വിജില്‍ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്ന സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍. ഈ രണ്ടു കൂട്ടരുടെയും നിലപാടുകളിലെ കാപട്യം തുറന്നു കാട്ടികൊണ്ട് സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ പഴയകാല ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും ഒരു പ്രവാഹം തന്നെയായിരുന്നു ആ ദിവസങ്ങളില്‍.

അതാതു സമയങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ചു അവസരവാദപരമായും വൈകാരികമായും നിലപാടുകള്‍ എടുക്കേണ്ട വിഷയങ്ങള്‍ അല്ല വധശിക്ഷ വേണമോ വേണ്ടയോ എന്നത് പോലുള്ളത്. പ്രത്യേകിച്ച് രാജ്യത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു നൂറുകണക്കിന് പൗരന്മാരെ കൂട്ടക്കൊല ചെയ്ത ഒരു കുറ്റവാളിയുടെ കാര്യം മുന്‍നിര്‍ത്തി ആ വാദം ഉന്നയിക്കുമ്പോള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ കിട്ടുമായിരുന്ന പൊതുജനപിന്തുണ പോലും കിട്ടാതെ ആ ഉദ്യമം തന്നെ പരാജയപ്പെട്ടു പോകാനാണ് സാധ്യത കൂടുതല്‍. അതൊന്നും പോരാഞ്ഞു അതില്‍ ‘മുസ്ലിം’ ഘടകം കൂടി കൂട്ടിച്ചേര്‍ത്തു വിഷയത്തിന്റെ സകല അന്തസത്തയും ചോര്‍ത്തിക്കളയുന്ന കാഴ്ച്ചയായിരുന്നു മേമന്‍ വിഷയത്തില്‍ കണ്ടത്.

ഒരു സിവിലൈസ്ട് സോസൈറ്റിയില്‍ വധശിക്ഷ അഭികാമ്യമാണോ എന്ന ചോദ്യം തീര്‍ച്ചയായും ഗഹനമായ ചര്‍ച്ച അര്‍ഹിക്കുന്ന വിഷയം തന്നെ ആണ്. പക്ഷെ അത് ഉന്നയിച്ച സമയവും സന്ദര്‍ഭവും ഇപ്പ്രാവശ്യം പിഴച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൂടാതെ ആ ആവശ്യം ഉന്നയിച്ചു ഇറങ്ങിത്തിരിച്ചവരുടെ സമാന വിഷയത്തിലെ മുന്‍കാല നിലപാടുകളും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമവും ആ പരാജയത്തിന്റെ ആക്കം കൂട്ടുന്നു.

ഒരു വെടിക്ക് ഒരുപാട് പക്ഷികള്‍ എന്ന ഉദ്ധേശത്തോടെ ഗവര്‍മെന്റു ബുദ്ധിപൂര്‍വ്വം നടത്തിയ ഒരു പരീക്ഷണമായിരുന്നാലും അല്ലെങ്കിലും കുറെ കപട മതേതരവാദികളെയും മനുഷ്യാവകാശത്തിന്റെ ചില മൊത്തക്കച്ചവടക്കാരെയും മോരും മുതിരയും പോലെ ‘ധുത് കാ ധുത് പാനി കാ പാനി’ എന്ന് ചപ്പാത്തി കഴിക്കുന്നവരുടെ ഭാഷയിലും പറയുന്ന പോലെ വേര്‍തിരിച്ചു കാണാന്‍ ഈ ആധുനിക കാലത്ത് പൊതുജനത്തിന് കിട്ടിയ ഒരു സുവര്‍ണാവസരമായിരുന്നു ഇത് എന്നതില്‍ തര്‍ക്കമില്ല.

© 2024 Live Kerala News. All Rights Reserved.