ഹൈവേകൾ തടഞ്ഞ് ട്രക്ക്, ബസ് ഡ്രൈവർമാർ; ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു, കാരണമിത്

പുതിയ ശിക്ഷാ നിയമത്തിലെ കർശനമായ ‘ഹിറ്റ്-ആൻഡ്-റൺ’ വ്യവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ച് ഡ്രൈവർമാരും ട്രക്കർമാരും. നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന്റെ അലയൊലികൾ പടർന്നു. ബ്രിട്ടീഷ് കാലത്തെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) റദ്ദാക്കിയ ക്രിമിനൽ കോഡ് നിയമം, അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനും സംഭവം റിപ്പോർട്ട് ചെയ്യാതിരിക്കുന്നതിനും 10 വർഷം വരെ ശിക്ഷ നൽകുന്നു. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഹിറ്റ് ആൻഡ് റൺ കേസുകൾ സംബന്ധിച്ച പുതിയ ശിക്ഷാ നിയമത്തിലെ വ്യവസ്ഥയ്‌ക്കെതിരെ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിലും ട്രക്ക് ഡ്രൈവർമാർ ‘രാഷ്‌ട്ര റോക്കോ’ പ്രതിഷേധം നടത്തി. പ്രതിഷേധം ചിലയിടങ്ങളിൽ ഇന്ധനക്ഷാമം സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, താനെ ജില്ലയിലെ മീരാ ഭയന്ദർ പ്രദേശത്ത് ട്രക്ക് ഡ്രൈവർമാർ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ കുറച്ചുനേരം ഗതാഗതം തടയുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേൽക്കുകയും പോലീസ് വാഹനം തകരുകയും ചെയ്തു. സോലാപൂർ, കോലാപൂർ, നാഗ്പൂർ, ഗോണ്ടിയ ജില്ലകളിലും റോഡുകൾ തടഞ്ഞു. നവി മുംബൈയിലും മറ്റ് സ്ഥലങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.