ചാറ്റ്ജിപിടിയോട് പൊരുതാൻ ഇന്ത്യൻ എതിരാളിയെത്തുന്നു! പുതിയ ചാറ്റ്ബോട്ടുമായി റിലയൻസ്

ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ റിലയൻസ് എത്തുന്നു. റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള ടെലികോം കമ്പനിയായ റിലയൻസ് ഇൻഫോകോം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മുംബൈ എന്നിവരുമായി ചേർന്ന് ഭാരത്ജിപിടി എന്ന പേരിലുള്ള നിർമ്മിത ബുദ്ധി പ്ലാറ്റ്ഫോം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടെലിവിഷനുകൾക്ക് വേണ്ടി ഒരു ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നതിനെ കുറിച്ചും ജിയോ ആലോചിക്കുന്നുണ്ട്. റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. മുംബൈ ഐഐടിയുടെ വാർഷിക ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ സേവന, വ്യവസായ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഇതിനോടകം തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിച്ചിട്ടുള്ളത്. മീഡിയ, കൊമേഴ്സ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലും എഐ അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് ബദൽ മാർഗ്ഗം ഒരുക്കുന്നത്. ‘പ്രൈവറ്റ് നെറ്റ്‌വർക്കുകളിൽ 5ജി നൽകുന്നതിൽ എക്സൈറ്റഡാണ്, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നതാണ്’, ആകാശ് അംബാനി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.