യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സമാധാന നൊബേല്‍ ജേതാവുമായ ഹെന്റ്റി കിസിന്‍ജര്‍ അന്തരിച്ചു

യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സമാധാന നൊബേല്‍ ജേതാവുമായ ഹെന്റ്റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. 1960 – 70 കളില്‍ അമേരിക്കന്‍ വിദേശകാര്യങ്ങളില്‍ നടത്തിയ ഇടപെടലിന്റെ പേരിലാണ് കിസിന്‍ജര്‍ ഇപ്പോഴും അറിയപ്പെടുന്നത്.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കാണ് കിസിന്‍ജറിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന്, വലിയ വിമര്‍ശനങ്ങളാണുണ്ടായത്. 1973ലെ സമാധാന നൊബേല്‍ വിയറ്റ്‌നാം നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ലെ ഡക് റ്റൊയുമായി കിസിന്‍ജര്‍ പങ്കിടുകയായിരുന്നു.1969 – 75 കാലഘട്ടത്തില്‍ റിച്ചാര്‍ഡ് നിക്സണ്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന സമയത്താണ് കിസിന്‍ജറിനെ ദേശിയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. 1973 മുതല്‍ 1977 വരെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായും കിസിന്‍ജര്‍ സേവനമനുഷ്ഠിച്ചിരുന്നു.

ലോകം കണ്ട അത്യുജ്വല നയതന്ത്രജ്ഞന്‍ എന്നറിയപ്പെട്ടിരുന്ന കിസിന്‍ജര്‍ അത്രതന്നെ വിവാദങ്ങള്‍ക്കും പേരുകേട്ടിരുന്നു. കിസിന്‍ജര്‍ ഭരണപക്ഷത്തുണ്ടായിരുന്ന സമയത്തും ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ദിരഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അതുപോലെ, ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് വിരുദ്ധ നേതൃത്വത്തെ തുണച്ച് നടത്തിയ നീക്കങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.യു.എസ് വിദേശകാര്യ നയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഹെന്റി കിസിന്‍ജര്‍. നിക്‌സണ്‍ ഭരണകൂടത്തിലെ സ്വാധീനമുള്ള വ്യക്തിയായി ചരിത്രത്തില്‍ കിസിന്‍ജര്‍ മാറുകയായിരുന്നു. അക്കാലത്തുണ്ടായിരുന്ന യുഎസിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയത് കിസിന്‍ജറായിരുന്നു.

© 2024 Live Kerala News. All Rights Reserved.