ഹലാൽ ഭക്ഷണ വിൽപ്പനക്കാരനെ തീവ്രവാദി എന്ന് വിളിച്ചു: ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ഇസ്‍ലാം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍. മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇസ്രായേൽ ആന്‍റ് ഫലസ്തീൻ അഫയേഴ്സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ച സ്റ്റുവർട്ട് സെൽഡോവിറ്റ്‌സ് (64) ആണ് അറസ്റ്റിലായത്. സ്റ്റുവർട്ട് ന്യൂയോർക്ക് നഗരത്തിലെ ഹലാൽ ഭക്ഷണ വിൽപനക്കാരനെ തീവ്രവാദി എന്ന് വിളിച്ചെന്നും ഗസ്സയില്‍ കൊല്ലപ്പെട്ട 4000 പലസ്തീന്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുപോയി എന്ന് പറയുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

ക്രൂരമായ ഉപദ്രവം, ഭയപ്പെടുത്തുന്ന രീതിയിലുള്ള പിന്തുടരല്‍, ജോലി സ്ഥലത്ത് ശല്യം ചെയ്യല്‍, വിദ്വേഷം മൂലമുള്ള പിന്തുടരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്റ്റുവര്‍ട്ടിനെ അറസ്റ്റ് ചെയ്തതെന്ന് ന്യൂയോര്‍ക്ക് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇരുപത്തിനാലുകാരനായ കച്ചവടക്കാരന്‍റെ കടയില്‍ സ്റ്റുവര്‍ട്ട് നിരന്തരം എത്തി ശല്യം ചെയ്യുകയും ഒന്നിലധികം തവണ ഇസ്‍ലാം വിരുദ്ധ പരാമര്‍ശം നടത്തിയെന്നും പൊലീസ് പറഞ്ഞു. മാന്‍ഹട്ടനില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ കച്ചവടക്കാരനും സ്റ്റുവര്‍ട്ടും തമ്മില്‍ ഗസ്സ യുദ്ധത്തെക്കുറിച്ച് തര്‍ക്കിക്കുന്ന ഒന്നിലധികം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.