ബ്രിട്ടനിലുള്ള അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കുന്നതില്‍ ഋഷി സുനകിന് തിരിച്ചടി

ലണ്ടന്‍: ബ്രിട്ടനിലുള്ള അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കുന്നതില്‍ പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടി. നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് തിരിച്ചയക്കുന്നതിനെ സുപ്രീം കോടതി ഒറ്റക്കെട്ടായാണ് എതിര്‍ത്തത്. റുവാണ്ടയെ സുരക്ഷിത രാജ്യമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.

അനധികൃത അഭയാര്‍ത്ഥികള്‍ക്കെതിരെ നിലപാട് ശക്തമാക്കിയ ഋഷി സുനകിന് ഇനി നയങ്ങള്‍ നടപ്പിലാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും. തീവ്ര വലതുപക്ഷ അനുഭാവികളില്‍ നിന്ന് ഹോം സെക്രട്ടറി സുവല്ല ബ്രേവര്‍മാനെ നീക്കിയതിന രൂക്ഷ വിമര്‍ശനം സുനക് നേരിടുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനമെത്തുന്നത്. സുവല്ല ബ്രേവര്‍മാന്റെ ആശയമായിരുന്നു റുവാണ്ടയിലേക്ക് അഭയാര്‍ത്ഥികളെ തിരികെ അയക്കുന്നത്.

2023 അവസാനത്തോടെ പണപ്പെരുപ്പം പകുതിയായി 5.4 ശതമാനമായി കുറയ്ക്കുമെന്ന് സുനക് വ്യക്തമാക്കിയിരുന്നു. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റിലെ 6.7ശതമാനമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ബ്രിട്ടനെ സംബന്ധിച്ച് നല്ല വാര്‍ത്തയാണെങ്കിലും ഇത് സുപ്രീം കോടതി വിധിയില്‍ മുങ്ങിപ്പോയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുനക് സര്‍ക്കാരിന്റെ റുവാണ്ടന്‍ പദ്ധതി നിയമപരമാണെന്ന ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കിയ അപ്പീല്‍ കോടതിയുടെ വിധിയെ സുപ്രീം കോടതി പിന്തുണയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം 45756 പേരാണ് ചെറുബോട്ടുകളില്‍ ഫ്രാന്‍സ് വഴി ബ്രിട്ടനിലെത്തിയത്. ഇറാന്‍, ആല്‍ബേനിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അനധികൃത കുടിയേറ്റക്കാരില്‍ ഏറിയ പങ്കും. 2023ലെ ആദ്യ ആറ് മാസങ്ങളില്‍ ഈ സംഖ്യ 11500 ആയി കുറഞ്ഞിരുന്നു. അനധികൃ കുടിയേറ്റത്തിന്റെ തോതില്‍ 10 ശതമാനമാണ് കുറവ് വന്നത്. റുവാണ്ടന്‍ പദ്ധതിയെ എതിര്‍ത്താല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ നിന്ന് പുറത്തുപോകാന്‍ സുവല്ല ബ്രേവര്‍മാന് തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അതിന് തയ്യാറായിരുന്നില്ല. ഹൈക്കോടതി തീരുമാനത്തിന് പിന്നാലെ പദ്ധതിക്കായി വന്‍ തുക ചെലവിട്ട സുനക് സര്‍ക്കാരിന് സുപ്രീം കോടതി തീരുമാനം ചെറുതായല്ല കോട്ടം തട്ടിച്ചിട്ടുള്ളത്. അതേസമയം റുവാണ്ടയുമായി പുതിയ കരാറിന് ചര്‍ച്ചകള്‍ നടക്കുന്നതായാണ് ഋഷി സുനക് സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ പ്രതികരിച്ചത്.

© 2024 Live Kerala News. All Rights Reserved.