ഒരെണ്ണത്തിന് വില ലക്ഷങ്ങൾ;പ്രധാനമന്ത്രി ഒരിക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് കണ്ടിട്ടുണ്ടോ: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്ശനവുമാറ്റിയി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകൾ ധരിക്കുമ്പോള്‍ വെള്ള ടീ ഷർട്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു ദിവസം പ്രധാനമന്ത്രി ധരിക്കുന്നത് ഒന്നോ രണ്ടോ സ്യൂട്ടുകളാണ്. അതിന് ഒരെണ്ണത്തിന് ലക്ഷങ്ങളാണ് വില. അദ്ദേഹം ഒരിക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ താൻ കേട്ടു. ഒബിസി വിഭാഗത്തിൽ പെട്ടവനാണെന്ന് അദ്ദേഹം എല്ലായിടത്തും പറയുമായിരുന്നു. ഇത് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിൽ നിന്ന് ജാതി അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ എന്ന് രാഹുല്‍ ചോദിച്ചു.

ജാതി സെൻസസിനെ കുറിച്ച് താൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ, ഇന്ത്യയിൽ ജാതിയില്ല എന്ന് മോദി പറഞ്ഞു തുടങ്ങി. ജാതി സെൻസസ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ചുവടുവെപ്പാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.