പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ വർഷം ഡിസംബർ 31നകം രാജ്യത്തെ മുഴുവൻ കർഷകർക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാർഡുകൾ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച്, ‘കെസിസി വീടുകളിലേക്ക്’ എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര-മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ, കർഷകരെ നേരിട്ട് കണ്ടും കാർഡുകൾ വിതരണം ചെയ്യുന്നതാണ്.

ക്യാമ്പുകൾ കൃത്യമായി നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ, ഇതിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ബാങ്കുകൾ ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടാതെ, റിസർവ് ബാങ്കിന് എല്ലാ ആഴ്ചയും റിപ്പോർട്ടും സമർപ്പിക്കണം. അതേസമയം, ക്രെഡിറ്റ് കാർഡ് സ്വീകരിക്കാൻ താൽപ്പര്യമില്ലാത്തവരുടെ പക്കൽ നിന്നും കൃത്യമായ കാരണം രേഖാമൂലം വാങ്ങേണ്ടതാണ്.

© 2024 Live Kerala News. All Rights Reserved.