ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് മല്ലിക് പറഞ്ഞു. പിന്നിട് കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നെന്നുമാണ് ബി.ജെ.പി നേതാവ് കൂടിയായ ഗവര്‍ണര്‍ പറഞ്ഞത്.കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയിലെ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് സത്യപാല്‍ മല്ലിക് ഇക്കാര്യം പറഞ്ഞത്. ”കര്‍ഷക സമരം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയെ കണ്ടിരുന്നു. സമരം ഇങ്ങനെ തുടരുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. അഞ്ഞൂറിലധികം കര്‍ഷകര്‍ സമരത്തില്‍ മരിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു. കര്‍ഷകര്‍ തനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് പ്രധാനമന്ത്രി ചോദിച്ചു. താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചതെന്നും ഒരു രാജാവിനെപ്പോലെയാണ് താങ്കള്‍ പെരുമാറുന്നതെന്നും താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പിന്നീട് തര്‍ക്കമായി. അമിത് ഷായെ ചെന്ന് കാണൂവെന്ന് പറഞ്ഞാണ് തന്നെ മടക്കിയത്-” സത്യപാല്‍ മല്ലിക് യോഗത്തില്‍ പറഞ്ഞു. സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും എന്തെങ്കിലും അനീതി നടന്നാല്‍ കര്‍ഷകര്‍ വീണ്ടും സമരം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ബി.ജെ.പി നേതാവ് കൂടിയായ സത്യപാല്‍ മാലിക് 2012ല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും നിയമിക്കപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ബിഹാറിന്റെയും പിന്നീട് ജമ്മു കശ്മീര്‍, ഗോവ സംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍ പദവിയിലിരുന്നിട്ടുണ്ട്.ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.