അമർനാഥ് ക്ഷേത്രത്തിൽ ഇനി മുതൽ വാഹനത്തിലും എത്തിച്ചേരാം: റോഡ് ഗതാഗതം വിപുലീകരിച്ച് ബിആർഒ

ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമായ അമർനാഥ് ക്ഷേത്രത്തിൽ ഇനി മുതൽ വാഹനത്തിലും എത്തിച്ചേരാം. നേരത്തെ കാൽനടയാത്രയായി മാത്രമാണ് അമർനാഥ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ ഭക്തർക്ക് സാധിച്ചിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് റോഡ് ഗതാഗതം വിപുലീകരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. നിലവിൽ, ആദ്യ വാഹനം അമർനാഥ് ഗുഹയിൽ എത്തിയതായി ബിആർഒ അറിയിച്ചു. മധ്യ കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ദുമെയിൽ നിന്ന് ബാൽതൽ ബേസ് ക്യാമ്പ് വഴി അമർനാഥ് ഗുഹയിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

‘പ്രോജക്ട് ബീക്കൺ’ പദ്ധതിക്ക് കീഴിൽ കഴിഞ്ഞ വർഷമാണ് ഗുഹക്ഷേത്രത്തിലേക്കുള്ള പാതകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നിരവധി തരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് തീർത്ഥാടകർക്കായി അധികൃതർ വാഹന ഗതാഗതത്തിനുള്ള സംവിധാനം അതിവേഗത്തിൽ ഒരുക്കിയത്. ഇതിലൂടെ ചരിത്രപരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബിആർഒ വ്യക്തമാക്കി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,888 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാനാകും. 12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയുണ്ടെന്നാണ് വിശ്വാസം. ഓരോ വർഷവും ആയിരക്കണക്കിന് ഭക്തർ അമർനാഥ് ക്ഷേത്രം സന്ദർശിക്കാറുണ്ട്.

© 2024 Live Kerala News. All Rights Reserved.