കാലാവസ്ഥ അനുകൂലം: പഹൽഗാം റൂട്ടിലെ അമർനാഥ് തീർത്ഥയാത്ര പുനരാരംഭിച്ചു

കാലാവസ്ഥ അനുകൂലമായതോടെ അമർനാഥിലേക്കുളള തീർത്ഥയാത്ര പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ഭക്തർ വീണ്ടും അമർനാഥിലേക്ക് യാത്ര പുറപ്പെട്ടത്. കാലാവസ്ഥയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് പഹൽഗാം റൂട്ടിലെ യാത്ര മാത്രമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. അതേസമയം, മറ്റൊരു റൂട്ടായ ബാൽത്തലിലെ യാത്ര ഇനിയും ആരംഭിച്ചിട്ടില്ല. ഇതുവരെ 6,491 തീർത്ഥാടകരാണ് അമർനാഥ് വിശുദ്ധ ഗുഹയിൽ സന്ദർശനത്തിന് എത്തിയത്.

കനത്ത മഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അമർനാഥിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചത്. ഇതിനെ തുടർന്ന് ബേസ് ക്യാമ്പിൽ നിരവധി ഭക്തരാണ് കുടുങ്ങിക്കിടന്നത്. കൂടാതെ, കനത്ത മണ്ണിടിച്ചിനെ തുടർന്ന് ജമ്മു- ശ്രീനഗർ ദേശീയപാതയും അടച്ചിട്ടിരുന്നു. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രമാണ് അമർനാഥ്. 62 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര 2023 ഓഗസ്റ്റ് 31നാണ് സമാപിക്കുക.

© 2024 Live Kerala News. All Rights Reserved.