അടുത്ത തിരഞ്ഞെടുപ്പില്‍ പോസ്റ്ററുകളും ബാനറുകളും ഉപയോഗിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

ദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടുത്തിയുള്ള പ്രചാരണമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്നാണ് നിതിന്‍ ഗഡ്കരിയുടെ നിലപാട്. മഹാരാഷ്ട്രയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗഡ്ഗരിയുടെ പ്രഖ്യാപനം. വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാനില്ല, അഴിമതിയില്‍ ഏര്‍പ്പെടില്ലെന്നും മറ്റുള്ളവരെ അഴിമതിയില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ലെന്നും ചടങ്ങില്‍ സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി.

‘ഞാന്‍ നിങ്ങളെ സേവിച്ചു. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ എനിക്ക് വോട്ട് ചെയ്യുക, താല്‍പ്പര്യമില്ലെങ്കില്‍ വേണ്ട. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കില്ലെന്നും ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ആര്‍ക്കും പണവും നല്‍കില്ല, മദ്യവും നല്‍കില്ല. ഞാന്‍ അഴിമതിയില്‍ ഏര്‍പ്പെടില്ല, നിങ്ങളെയും ഏര്‍പ്പെടാന്‍ അനുവദിക്കില്ല, ‘ അദ്ദേഹം പറഞ്ഞു. ഉപതിതല ഗതാഗത മന്ത്രിയായ ഗഡ്കരി നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ്.

ദേശീയ പാതകളിലെ കുഴികള്‍ നികത്താനുള്ള പദ്ധകികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ബിഒടി) മാതൃക ഉപയോഗിച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചിരുന്നു. അടുത്ത 15-20 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമായ വരില്ലാത്ത രീതിയില്‍ എഞ്ചിനീയറിങ് പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) മോഡിലായിരിക്കും റോഡുകള്‍ നിര്‍മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.