പൊലീസ് കാറിടിച്ച് മരിച്ച ജാഹ്നവിയെ ഓഫീസര്‍ പരിഹസിച്ച സംഭവം; സിയാറ്റില്‍ മേയർ മാപ്പ് പറഞ്ഞു

സിയാറ്റില്‍: പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയെ പൊലീസ് ഓഫീസര്‍ പരിഹസിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സിയാറ്റില്‍ മേയര്‍. ഈ വര്‍ഷം ആദ്യം നടന്ന സംഭവത്തിന്റെ ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡാനിയൽ ഓഡറർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്.

നഗരത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഇന്ത്യന്‍ സമൂഹത്തോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അനുശോചനം അറിയിക്കുന്നുവെന്നും സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരേല്‍ പറഞ്ഞു. സിയാറ്റിൽ പൊലീസ് മേധാവി അഡ്രിയാൻ ഡയസും 23കാരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാക്കും. മനുഷ്യ ജീവനെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2023 ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ജാഹ്നവിയെ അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. 119 കിലോമീറ്റര്‍/മണിക്കൂര്‍ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നത്. സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ആന്ധ്ര സ്വദേശിനിയാണ് ജാഹ്നവി.

‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനുള്ള വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞു.

ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണം പൊലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു- “ജനുവരിയിൽ സിയാറ്റിലിലുണ്ടായ വാഹനാപകടത്തിൽ ജാഹ്‌നവി കണ്ടുല മരിച്ച സംഭവം പൊലീസ് കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ വിഷമിപ്പിക്കുന്നതാണ്. സിയാറ്റിൽ & വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികാരികളോടും വാഷിംഗ്ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ഞങ്ങൾ വിഷയം ഉന്നയിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണം വേണം. നടപടിയെടുക്കണം. കോൺസുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കും”

ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നല്‍കുമെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ചാൻസലർ അറിയിച്ചു- “ഞങ്ങളുടെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ ഈ ദുരന്തവും അതിന് ശേഷമുള്ള സംഭവങ്ങളും ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങൾ നിങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ നീതി പുലരുമെന്ന് പ്രതീക്ഷിക്കുന്നു”- നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ചാൻസലർ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.