റഷ്യയിലെ വാഗ്‌നർ ഗ്രൂപ്പ് മേധാവി പ്രിഗോഷിൻ കൊല്ലപ്പെട്ടു; വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് വിവരം

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയ കൂലിപ്പടയായ വാഗ്‌നർ ഗ്രൂപ്പിന്റെ മേധാവി യെവ്‌ഗിനി പ്രിഗോഷിൻ (62) വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. മോസ്കോയിൽനിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ ഇന്നലെ രാത്രി 10 പേരുമായി തകർന്നുവീണ സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെയും വാഗ്‌നർ ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന കമാൻഡർ ദിമിത്രി ഉത്‌കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസി അറിയിച്ചു. എന്നാൽ ഇരുവരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമില്ല.

ഏഴു യാത്രക്കാരും 3 പൈലറ്റുമാരുമാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടെന്നും 8 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അധികൃതർ അറിയിച്ചു. മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബ‍ർഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു. വിമാനം വീഴുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു.

© 2024 Live Kerala News. All Rights Reserved.