ഇന്ത്യയില്‍ ചാവേറാക്രമണത്തിന് തയ്യാറെടുത്ത ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി-എന്‍ഐഎ സംഘം റഷ്യയിലേക്ക്

മോസ്‌കോ: ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ലക്ഷ്യമിട്ട്, റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ റഷ്യയിലേക്ക് പോകും. എന്‍ഐഎയിലേയും ഇന്റലിജന്‍സ് ബ്യൂറോയിലേയും ഉദ്യോഗസ്ഥരാണ് റഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. ഇയാള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തി, ഭരണ നേതൃത്വത്തിലുള്ള ഒരാളെ വധിക്കാന്‍ പദ്ധതി ഇട്ടിരുന്ന വിവരം റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് പുറത്ത് വിട്ടത്.

എന്‍ഐഎയിലേയും ഐബിയിലേയും അന്വേഷണ സംഘാംഗങ്ങള്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം, പിടിയിലായ ഭീകരന് ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടോ എന്നും, സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

© 2023 Live Kerala News. All Rights Reserved.