എംഎല്‍എ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടി; ഇഡി 2 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശൂര്‍: എംഎല്‍എ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപം ആണ് മരവിപ്പിച്ചത്. രണ്ട് ബാങ്കുകളിലായി ഉള്ള 31 ലക്ഷം രൂപ മരവിപ്പിച്ചതായാണ് വിവരം. അതേസമയം, എസി മൊയ്തീനിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതില്‍ ഇന്ന് തീരുമാനം എടുക്കും.

ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ ഇ.ഡി. കണ്ടെത്തി. അതേസമയം മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്‌മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കുന്നംകുളം എംഎല്‍എയാണ് എസി മൊയ്തീന്‍. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തിയത്.

© 2024 Live Kerala News. All Rights Reserved.