ഉമ്മന്‍ചാണ്ടി കിടപ്പിലായപ്പോള്‍ തന്നെ യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉമ്മന്‍ചാണ്ടി വയ്യാതെ കിടക്കുമ്പോള്‍ തന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണം യു.ഡി.എഫ് ആരംഭിച്ചിരുന്നതായി കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

അങ്കമാലി ഫോര്‍ കാലടി എന്ന് പറയുന്നതുപോലെയാണ് വി.ഡി സതീശന്‍ ഫോര്‍ പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയോട് പറയാനുള്ളത് സതീശനോട് പറഞ്ഞാല്‍ മതി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് പിണറായിയുടെ പെട്ടി തൂക്കാനല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായത്തില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രിയും മകളും ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളും അടക്കം 96 കോടി രൂപ മാസപ്പടി വാങ്ങി. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളൊന്നും തന്നെ ചോദ്യം ചെയ്യാത്തത് നിയമവാഴ്ചയുടെ തകര്‍ച്ചയുടെ തെളിവാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.