ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി56 ഈ മാസം 30 ന് വിക്ഷേപിക്കും

ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ വിക്ഷേപണ ദൗത്യം പിഎസ്എല്‍വി സി56 ഈ മാസം 30നു നടക്കും. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് സിംഗപ്പൂരിന്റെ ഡിഎസ്-എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണു വിക്ഷേപിക്കുക. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്-എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം.

ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്തും. 23 കിലോഗ്രാം ഭാരമുള്ള ടെക്നോളജി ഡമോണ്‍സ്ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്മോസ്ഫറിക് കപ്ലിങ് ആന്‍ഡ് ഡൈനാമിക്സ് എക്സ്പ്ലോറര്‍, സ്‌കൂബ് 2, ന്യൂലിയോണ്‍, ഗലാസിയ 2, ഓര്‍ബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എല്‍വിയില്‍ വിക്ഷേപിക്കും. ഏപ്രില്‍ 19ന് പിഎസ്എല്‍വിയില്‍ സിംഗപ്പൂരിന്റെ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നീ 2 ഉപഗ്രഹങ്ങള്‍ ഇസ്‌റോ വിക്ഷേപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.