ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യം ഇന്ന്; 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും

ബാംഗ്ലൂര്‍:ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൗത്യം ഇന്ന്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് പി.എസ്.എല്‍.വി സി37 ബഹിരാകാശ വാഹനം പുറപ്പെടുക. തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് 2ഡി, ഐ.എന്‍.എസ് 1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുണ്ടാവുക. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ഡിക്ക് 714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം. ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്. ബാക്കി ഉപഗ്രഹങ്ങളില്‍ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. ഇസ്രയേല്‍, കസഖ്സ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇന്ന് ഐഎസ്ആര്‍ഒ ലക്ഷ്യത്തിലെത്തിക്കും.ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയും 29 എണ്ണം ഭ്രമണപഥത്തിലത്തെിച്ച അമേരിക്കയും ഇന്ത്യക്ക് പിന്നിലാകും. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിച്ചതായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്.

© 2024 Live Kerala News. All Rights Reserved.