കനത്ത മഴ: ഹിമാചൽ പ്രദേശിലെ 8 ജില്ലകളിൽ റെഡ് അലർട്ട്, 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുത്

ഹിമാചൽ പ്രദേശിൽ അതിതീവ്ര മഴ തുടരുന്നു. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഇന്ന് 8 ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ, രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ 12 സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂര്‍, സിൻമൗർ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്.

സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ ഇതുവരെ 20 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കുടുങ്ങിയ ഡോക്ടർമാർ അടക്കമുള്ള 51 പേർക്ക് ഇന്നലെയും മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 400 ഓളം വിനോദസഞ്ചാരികൾ വിവിധയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കസോളിൽ കുടുങ്ങിയ തൃശ്ശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ ഹഡിംബ ഹോം സ്റ്റെയിലാണ് ഉള്ളത്. 6 മലയാളി മാധ്യമപ്രവർത്തകരുടെ സംഘം ഇപ്പോഴും മണ്ടിയിൽ തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.