മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നു! സമാധാന സമിതിയുടെ ആദ്യ യോഗം ഇന്ന് രാജ്ഭവനിൽ ചേരും

വംശീയ കലാപത്തിനൊടുവിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി പുതുതായി രൂപീകരിച്ച സമാധാന സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. അധികൃതരുടെ നേതൃത്വത്തിൽ രാജ്ഭവനിലാണ് യോഗം ചേരുക. സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെങ്കിലും, വിവിധ ഭാഗങ്ങളിൽ സംഘർഷം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് സമാധാന സമിതി യോഗം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിൽ മരണസംഖ്യ 11 ആയി ഉയർന്നിട്ടുണ്ട്.

അക്രമികൾ പൂർണമായും തകർത്ത ഇംഫാലിലെ സെന്റ് പോൾസ് ദേവാലയം, പാസ്റ്ററൽ സെന്റർ ക്യാമ്പസ്, അക്രമികൾ അഗ്നിക്കിരയാക്കിയ വൈഫൈ വെങ് തെരുവ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ കഴിഞ്ഞ ദിവസം സന്ദർശിച്ചിട്ടുണ്ട്. മെയ് 3ന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ ഇരുനൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും, അരലക്ഷത്തിലധികം ആളുകൾ അഭയാർത്ഥികളായിട്ടുമുണ്ട്.

© 2024 Live Kerala News. All Rights Reserved.