കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികം: കേന്ദ്രമന്ത്രി

ന്യൂഡൽഹി: കെ ഫോൺ പദ്ധതിക്കായി ചൈനീസ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടത്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കെ-ഫോൺ എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ചൈനീസ് കേബിളുകളാണ് കെ-ഫോണിന് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളെ പറ്റിക്കാനാണ്. രാജ്യത്ത് സുഗമമായരീതിയിൽ ഇന്റർനെറ്റ് സേവനം ലഭിക്കുമ്പോഴാണ് കെ-ഫോൺ പ്രഹസനം നടത്തുന്നത്. സംസ്ഥാനം കടക്കെണിയിലാവുമ്പോഴാണ് ഇത്തരം ധൂർത്തുകൾ സർക്കാർ നടത്തുന്നത്. പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഴിമതിയാണ് കേരളത്തിലുള്ളത്. ഇതേ കമ്പനിയാണ് കെ-ഫോണും നടത്തുന്നത്. എഐ ക്യാമറയെ പോലെ തന്നെ മുഖ്യമന്ത്രിക്കും സംഘത്തിനും പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണ് കെ-ഫോൺ. ഇത്രയും കാലത്തെ ലോക കേരളസഭ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പിണറായി വിജയൻ പറയണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

© 2023 Live Kerala News. All Rights Reserved.