ഏഷ്യാനെറ്റ് ന്യൂസില്‍ പുതിയ നിയമനങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍;സംഘികളല്ലാത്ത ആരെയും ജോലിയില്‍ പ്രവേശിപ്പിക്കരുത്; ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം പുറത്തായി

ന്യൂഡല്‍ഹി: മലയാളത്തിലെ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെ രാജീവ് ചന്ദ്രശേഖര്‍ ചെയര്‍മാന്‍ ആയ മുഴുവന്‍ സ്ഥാപനങ്ങളിലും പുതിയ നിയമനങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപം കൊടുത്ത ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന കമ്പനിയുടെ സി.ഇ.ഒ അമിത്ത് ഗുപ്ത രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശമനുസരിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ്, കന്നട വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ മാധ്യമം ന്യൂസബിള്‍, കന്നട പത്രം കന്നട പ്രഭ എന്നീ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തലവന്‍മാര്‍ക്കയച്ച ഇമെയിലാണ് പുറത്തായിരിക്കുന്നത്.ചെയര്‍മാന്റെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കുന്നവരെയും വലതുപക്ഷ നിലപാടുള്ളവരെയും സൈന്യത്തോട് അനുകൂല സമീപനം ഉള്ളവരെയും മാത്രം നിയമിച്ചാല്‍ മതിയെന്നാണ് ഇമെയിലിലെ പ്രധാന നിര്‍ദേശം. ഇതിന്റെ മാനദണ്ഡങ്ങളടങ്ങുന്ന ഈമെയിലാണിപ്പോള്‍ ന്യൂസ്‌ലോണ്‍ട്രി എന്ന മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരായിരിക്കണം, ചെയര്‍മാന്റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവരായിരിക്കണം, ദേശീയതയിലും ഭരണത്തിലും അവഗാഹമുള്ളവരായിരിക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്നവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.എന്നാല്‍ നിര്‍ദേശത്തോട് എതിര്‍പ്പ് ഉയര്‍ന്നതോടെ ഇത് കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് പരസ്പര വിരുദ്ധമായ വിശദീകരണവും ജുപ്പീറ്റര്‍ കാപ്പിറ്റല്‍ നല്‍കി. കര്‍ണാടകത്തില്‍നിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കഴിഞ്ഞ മാസം കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു.നിയന്ത്രണ രേഖയ്ക്ക് അപ്പുറം പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തുന്നതിന് ഒരാഴ്ച മുമ്പ് 2016 സെപ്തംബര്‍ 21നാണ് എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇമെയില്‍ അറിയിപ്പ് നല്‍കിയത്. എഡിറ്റോറിയില്‍ നിയമനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എന്ന് വ്യക്തമാക്കികൊണ്ടുതന്നെയായിരുന്നു സന്ദേശം. തൊട്ടടുത്ത ദിവസം തന്നെ ആദ്യ മെയില്‍ കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് ഗുപ്ത മറ്റൊരു ഇ മെയില്‍ കൂടി അയച്ചു. ആദ്യ മെയില്‍ കിട്ടിയപ്പോള്‍ തന്നെ ചില എഡിറ്റര്‍മാര്‍ എതിര്‍പ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് പിറ്റേന്ന് തിരുത്ത് നല്‍കിയതെന്ന് ന്യൂസ് ലോണ്‍ഡ്രി റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദേശം പരിഗണിക്കേണ്ടതില്ലെന്നും ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ജുപ്പീറ്റര്‍ കാപ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ വിശദീകരണം. ഇതേ കുറിച്ച് അന്വേഷിക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഗുപ്തയുടെ ഓഫീസ് അറിയിച്ചതായി ന്യൂസ് ലോണ്‍ഡ്രി റിപ്പോര്‍ട്ട് ചെയ്തു. ആദ്യം വന്ന മെയില്‍ കാര്യമാക്കേണ്ടതില്ലെന്നും, അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നു എന്നുമാണ് എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് രണ്ടാമത് അയച്ച ഇമെയിയില്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.