1.5 മില്യണ്‍ ഡോളറിന്റെ ക്ഷേത്രാഭരണങ്ങള്‍ പണയം വെച്ചു; സിംഗപ്പൂരില്‍ ഇന്ത്യന്‍ പുരോഹിതന് ആറു വര്‍ഷം തടവ്

ചൈനടൗണ്‍: സിംഗപ്പൂരില്‍ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിലെ ആഭരണങ്ങള്‍ പണയം വെച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതനെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. ചൈനടൗണ്‍ ജില്ലയിലെ ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡിന് കീഴിലുള്ള ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ രണ്ട് മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 12 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് മുഖ്യ കര്‍മ്മി കന്ദസാമി സേനാപതി പണയം വെച്ചത്. ക്ഷേത്ര കമ്മറ്റി അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

2016 മുതല്‍ 2020 വരെ നിരവധി തവണ തിരുവാഭരണങ്ങള്‍ പണയം വെച്ച സേനാപതി, ഓഡിറ്റിന്റെ സമയത്ത് പണം കടം വാങ്ങി ആഭരണങ്ങള്‍ തിരിച്ചെടുത്ത് ക്ഷേത്രത്തിലെത്തിക്കുകയാണ് പതിവ്. 2016 ല്‍ മാത്രം 172 തവണയായി 66 പവന്‍ സ്വര്‍ണാഭരണമാണ് ഇയാള്‍ പണയം വെച്ചത്. 2016 മുതല്‍ 2020 വരെ സേനാപതിക്ക് 14 കോടിയിലധികം രുപ ലഭിച്ചു. ഇതില്‍ 86 ലക്ഷം രൂപ ഇന്ത്യയിലേക്ക് അയക്കുകയും ബാക്കി രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു

2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓഡിറ്റ് വൈകിയിരുന്നു, പിന്നീട് ജൂണില്‍ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചു, എന്നാല്‍ ലോക്കറിന്റെ താക്കോല്‍ താന്‍ ഇന്ത്യയില്‍ മറന്നുവെച്ചെന്ന് പറഞ്ഞ് കൊണ്ട് സേനാപതി ഓഡിറ്റ് തടസപെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഓഡിറ്റ് നടത്തണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ താന്‍ ക്ഷേത്രാഭരണം പണയം വെച്ചതായി സേനാപതി സമ്മതിച്ചു.

വിശ്വാസ വഞ്ചന, ഉത്തരവാദിത്ത ദുര്‍വിനിയോഗം, എന്നീ കുറ്റങ്ങളാണ് സേനാപതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഇതല്ലാതെ മറ്റ് ആറ് കുറ്റങ്ങളും വിചാരണ സമയത്ത് പരിഗണിച്ചിരുന്നു. കാന്‍സര്‍ ചികിത്സക്കായി തന്റെ സുഹൃത്തിന് പണം നല്‍കാനും ഇന്ത്യയിലെ അമ്പലങ്ങളെയും സ്‌കൂളുകളെയും സഹായിക്കാനുമാണ് താന്‍ പണയം വച്ചതെന്നുമായിരുന്നു സേനാപതിയുടെ വിശദീകരണം.

© 2024 Live Kerala News. All Rights Reserved.