അമേരിക്കയ്ക്ക് വിവരം കൈമാറി; ‘മെറ്റ’ക്ക് യൂറോപ്യൻ യൂണിയൻ വൻ തുക പിഴ ചുമത്തി

വാഷിംഗ്ടണ്‍: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ഉപയോക്താക്കളുടെ വിവരം ദുരുപയോഗം ചെയ്തതിന് 130 കോടി ഡോളർ പിഴയാണ് മെറ്റക്കെതിരെ ചുമത്തിയത്. യൂറോപ്യൻ യൂണിയനിലെ ഉപയോക്താക്കളുടെ വിവരം അനധികൃമായി അമേരിക്കയ്ക്ക് കൈമാറിയതിനാണ് മെറ്റയ്ക്കെതികെ നടപടി എടുത്തത്. ഇത്തരത്തിലുള്ള കൈമാറ്റം നിർത്തിവയ്ക്കാനും നിർദേശമുണ്ട്. ഇതിന് ഫേസ്ബുക്കിന് 5 മാസം സമയം അനുവദിച്ചു.

ഉപയോക്താക്കളുടെ വിവരം അമേരിക്കയിൽ സൂക്ഷിക്കുന്നതിനും യൂറോപ്യൻ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. നിലവിൽ അമേരിക്കൻ സെർവറുകളിലുള്ള വിവരം ഇതോടെ മെറ്റ നീക്കേണ്ടിവരും. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, യൂറോപ്പിലെ തങ്ങളുടെ സോഷ്യൽ മീഡിയ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മെറ്റ മുമ്പ് അറിയിച്ചിരുന്നു.

നേരത്തെ, കേംബ്രി‍ഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിൽ ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോള‍ർ പിഴ ചുമത്തിയിരുന്നു. ഏകദേശം മുപ്പത്തിനാലായിരത്തി മുന്നൂറ് കോടി ഇന്ത്യന്‍ രൂപയോളമായിരുന്നു അന്നത്തെ പിഴ തുക. അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മീഷൻ അന്ന് ഫേസ്ബുക്കിന് മുന്നിൽ വച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.