Star Chat: റിമിടോമിയുടെ നാത്തൂനാകാന്‍ തയ്യാര്‍.. പക്ഷെ എനിക്ക് കുറച്ച് നിബന്ധനകളുണ്ട്. വിവാഹത്തെക്കുറിച്ച് മുക്ത മനസ്സ് തുറക്കുന്നു..

കല്യാണം വന്നടുത്തതിന്റെ ത്രില്ലിലാണ് മുക്ത. മലയാളികളുടെ പ്രിയങ്കരിയും കുസൃതിക്കുടുക്കയുമായ റിമിടോമിയുടെ കുടുംബത്തിലേക്ക് ഏക മരുമകളായാണ് മുക്ത കടന്നു ചെല്ലുന്നത്. റിമിയുടെയും സഹോദരി റിനുവിന്റെും ഒരേയൊരു ആങ്ങള റിങ്കുവാണ് മുക്തയുടെ കഴുത്തിൽ മിന്ന് ചാർത്തുന്നത്. പാലാ സ്വദേശികളായ ടോമി ജോസഫിന്റെയും റാണിയുടെയും മകനാണ് റിങ്കു. കോതമംഗലം സ്വദേശികളായ ജോർജിന്റെയും സാലിയുടെയും മകളാണ് മുക്ത എൽസ ജോർജെന്ന മുക്ത. മുക്തയുടെ സഹോദരി ഡോഷി മറിയ ജോർജ് വിവാഹിതയായി എറണാകുളത്ത് താമസിക്കുന്നു.

മുക്തയുടെ മനഃസമ്മതം ഈ മാസം 23ന് പാലാരിവട്ടത്തെ ഇടവകപ്പള്ളിയിലും വിവാഹം 30ന് ഇടപ്പള്ളിയിലും നടക്കും. പതിവ് താര വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് മുക്തയുടെ വിവാഹം നടക്കുക. ചടങ്ങിന് ആഡംബരത്തിന്റെ പിൻബലം ഒട്ടും ഉണ്ടാകില്ലെന്ന് താരം തറപ്പിച്ചു പറയുന്നു. ലളിതമായി നടക്കേണ്ടതാണ് വിവാഹം. അതിന് ആഡംബരത്തിന്റെ മേമ്പൊടി ചേർക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും തന്റെ ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചതായും മുക്ത ഫ്‌ളാഷിനോട് പറഞ്ഞു.

ക്രൈസ്തവ പാരമ്പര്യ വസ്ത്രമായ ചട്ടയും മുണ്ടുമണിഞ്ഞാവും മുക്ത വിവാഹവേദിയിലേക്ക് ചുവടുവയ്ക്കുക. അന്യം നിന്നു പോകുന്ന ചട്ടയും മുണ്ടും കൂടുതൽ ആളുകൾ ഉപയോഗിക്കണമെന്ന ആശയം ഉൾക്കൊണ്ടാണ് ആ വേഷം തിരഞ്ഞെടുത്തതെന്ന് മുക്ത പറയുന്നു. വിവാഹത്തിന് പത്തുപവനിൽ കൂടാൻ പാടില്ലെന്നതും മുക്ത പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ്. മനഃസമ്മതത്തിന് മുക്തയുടെയും റിങ്കുവിന്റെയും വീട്ടുകാർ മാത്രമാകും പങ്കെടുക്കുക. കല്യാണത്തിന് മുക്തയുടെയും റിമിടോമിയുടെയും അടുത്ത സുഹൃത്തുക്കളെ കൂടി ക്ഷണിച്ചിട്ടുണ്ട്. കല്യാണ ഒരുക്കങ്ങളുടെ തിരക്കിലാണിപ്പോൾ മുക്ത.

‘എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ട് ദിവസം മുൻപാണ് കല്യാണക്കാര്യം ചടപടേന്ന് തീരുമാനമായത്. അതുകൊണ്ട് ആരോടും പറയാൻ പറ്റിയില്ല. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചിരുന്ന കല്ല്യാണമാണ്. അല്ലാതെ ഇത് പ്രണയവിവാഹമൊന്നുമല്ല. പിന്നെ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ നേരത്തേ അറിയാം. രണ്ട് വീട്ടിലെയും അമ്മമാർ തമ്മിൽ നല്ല സൗഹൃദത്തിലാണ്. ഇങ്ങനൊരു കല്യാണാലോചന വന്നപ്പോൾ എനിക്കും സന്തോഷമായിരുന്നു. അടുത്ത വർഷം കല്യാണം മതി എന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ ഇനി ഇങ്ങനെ നീട്ടിക്കൊണ്ട് പോകണ്ട എന്നാണ് വീട്ടുകാരുടെ പക്ഷം. ഒരു കുടുംബിനിയൊക്കെയാവാൻ സമയമായല്ലോ. ഞാൻ പോകുന്നത് ഒരു കലാകുടുംബത്തിലേക്കായതിന്റെ സന്തോഷമുണ്ട്. റിമി ചേച്ചിയും സിനിമയിൽ സംഗീതവും അഭിനയവുമായി നിറഞ്ഞു നിൽക്കുകയല്ലേ? ചേച്ചി എന്നെ സ്വന്തം അനിയത്തിയെപ്പോലെയാണ് കണ്ടിരുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. ചേട്ടന്റെ കുടുംബവും കലാപാരമ്പര്യമുള്ളവർ ആണല്ലോ. അതുകൊണ്ട് വിവാഹശേഷവും സിനിമയെ ഉപേക്ഷിക്കേണ്ടിവരില്ല എനിക്ക്. മനഃസമ്മതം കഴിഞ്ഞും 28ആം തീയതി വരെ സ്റ്റേജ് ഷോ ഏറ്റെടുത്തിട്ടുണ്ട് ഞാൻ.

റിമിച്ചേച്ചിയുടെ പരിപാടികളൊക്കെ കോ  ഓർഡിനേറ്റ് ചെയ്യുന്നത് റിങ്കു ചേട്ടനാണ്. പിന്നെ ഇവന്റ് മാനേജ്‌മെന്റും നടത്തുന്നുണ്ട്. കലയെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് ചേട്ടൻ. എനിക്ക് പറ്റിയ ആളാണെന്ന് തോന്നി. നല്ല സ്‌നേഹവും കെയറിംഗും ഒക്കെയുള്ള ആളാണ്. ഞാൻ കാത്തിരുന്ന, ആഗ്രഹിച്ചിരുന്ന ഒരാൾ. കല്യാണക്കാര്യം അറിയിക്കാത്തതിൽ പരിഭവിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാവും. എല്ലാവരോടും ക്ഷമിച്ച് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നേ പറയാനുള്ളൂ വെന്ന് പറയുമ്പോഴും മുക്തയുടെ മുഖത്ത് മണവാട്ടിയുടെ നാണം നിറഞ്ഞുനിന്നിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നായികയായി മുക്ത സിനിമയിൽ എത്തിയത്. അതിനു മുമ്പ് ബാലതാരമായാണ് മുക്ത വെള്ളിത്തിരയിൽ എത്തിയത്. ഒറ്റനാണയം എന്ന ചിത്രത്തിലാണ് ബാലതാരമായി എത്തിയത്. ചെറിയൊരു കള്ളം പറഞ്ഞിട്ടാണ് മുക്ത ആദ്യമായി നായികയായി അഭിനയിച്ചത്. പതിനെട്ട് വയസ് കഴിഞ്ഞ ഒരു പെൺകുട്ടിയെയാണ് ലാൽജോസ് തന്റെ ചിത്രത്തിന് വേണ്ടി തിരഞ്ഞിരുന്നത്. വയസ് കുറച്ച് പറഞ്ഞാൽ അവസരം നഷ്ടമാകുമോ എന്ന് ഭയന്ന് കൂട്ടി പറഞ്ഞാണ് മുക്തയുടെ അരങ്ങേറ്റം. അന്ന് ശരിക്കും മുക്ത ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും ശ്രദ്ധ കൊടുത്ത മുക്ത സ്റ്റേജ് ഷോകളിൽ തിരക്കുള്ള താരമായി മാറി. ഇപ്പോൾ അഭിനയത്തിനൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്നുണ്ട്. തമിഴിൽ വാസുവും സരവണനും ഒന്നാ പഠിച്ചവങ്ക എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മുക്ത. 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വായ്മൈ, പാമ്പ് സട്ടൈ, സുഖമായിരിക്കട്ടെ എന്നിവയാണ് റിലീസാകാനുള്ള മറ്റ് ചിത്രങ്ങൾ.

 

Courtesy:Keralakoumudi.com&Rajitha Venugopal

© 2024 Live Kerala News. All Rights Reserved.