സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ, ഈ വസ്തുക്കൾക്ക് വില കുത്തനെ ഉയരും

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ബജറ്റിലെ നിർദ്ദേശങ്ങൾ നിലവിൽ വരുന്നതോടെ, പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വർദ്ധിക്കുക. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. കൂടാതെ, ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഉള്ള മുദ്രവില 2 ശതമാനം ഉയരും.

മൈനിംഗ് ആൻഡ് ജിയോളജി മേഖലകളിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം നാളെ മുതലാണ് നിലവിൽ വരിക. ഒറ്റത്തവണ ഫീസ് വർദ്ധിപ്പിച്ചതോടെ, പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ വിലയും വർദ്ധിക്കും. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയിൽ 2 ശതമാനം വരെ വർദ്ധനവാണ് ഉണ്ടാവുക. ഇതിനോടൊപ്പം തന്നെ കോർട്ട് ഫീ സ്റ്റാമ്പ് നിരക്കും, മാനനഷ്ട കേസ് ഉൾപ്പെടെയുള്ള കേസുകളുടെ കോടതി ഫീസും വർദ്ധിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാണ് സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.

© 2024 Live Kerala News. All Rights Reserved.