ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ട ഖാലിസ്ഥാൻവാദികളെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ഇന്ത്യ; ദേശീയപതാകയെ അപമാനിച്ച പലരും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർ

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചു വിട്ട ഖാലിസ്ഥാൻവാദികളെ നാടു കടത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമികളിൽ പലരും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവരാണ്. തങ്ങളെ ഇന്ത്യയിൽ വേട്ടയാടുകയാണെന്ന് ആരോപിച്ച് ബ്രിട്ടനിലേക്ക് അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ട്.

ഖാലിസ്ഥാൻ വാദത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പിന്നില് ഇവരാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്ത അവ്താർ ഖണ്ട വർഷങ്ങളായി ബ്രിട്ടനിൽ ജീവിക്കുന്ന ആളാണ്. ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ദേശീയപതാക വലിച്ച് താഴെയിട്ട ശേഷം ഇയാൾ ഖാലിസ്ഥാന്റെ പതാക ഉയർത്തിയിരുന്നു. ഖാലിസ്ഥാൻ വാദം ശക്തമായി ഉയർത്തുന്ന ആളാണ് അവ്താർ ഖണ്ട. രാഷ്ട്രീയമായ വേട്ടയാടൽ ആരോപിച്ച് വർഷങ്ങൾക്ക് മുൻപാണ് ഇയാൾ ബ്രിട്ടനിലേക്ക് കുടിയേറുന്നത്. ഇയാളെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.