സ്‌കൂളിൽ പോകുന്നത് തടയാൻ ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷപ്രയോ​ഗം; വെളിപ്പെടുത്തൽ

ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്കു നേരെ വിഷവാതക പ്രയോ​ഗം. വിഷവാതകം പ്രയോ​ഗം നടന്നതായി ഇറാൻ ആരോ​ഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം ന​ഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് പെൺകുട്ടികൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ നവംബർ മാസം നൂറ് കണക്കിന് പെൺകുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ക്വാമിൽ കരുതിക്കൂട്ടിയുള്ള പ്രയോ​ഗമാണ് നടന്നിട്ടുള്ളതെന്ന് ഇന്നലെ മന്ത്രി വ്യക്തമാക്കി. പെൺകുട്ടികൾക്ക് വിഷബാധയേറ്റതിനാൽ ക്വാമിലെ സ്കൂളുകൾ അടച്ചുപൂട്ടണമെന്നാണ് ചിലർ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

പെൺകുട്ടികൾക്ക് നേരെ വിഷവാതകപ്രയോ​ഗം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തിൽ രഹന്യാന്വേഷണ വിഭാ​ഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നതായി സർക്കാർ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു. വിഷബാധയ്ക്ക് കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിജാഹ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ 22കാരിയായ കുർദ് മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കു ശേഷമാണ് വിഷവാതക പ്രയോ​ഗം ഉണ്ടാവുന്നത്. കുർദിന്റെ മരണത്തിൽ ലോകവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. ലണ്ടനിലും പാരീസിലും ഉണ്ടായ പ്രതിഷേധങ്ങളിൽ നിരവധി പേരാണ് അറസ്റ്റിലായത്.

© 2024 Live Kerala News. All Rights Reserved.