കശ്മീർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഏക ജനറൽ; മുഷറഫിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മെഹബൂബ മുഫ്തി

കശ്മീർ പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച ഒരേയൊരു പാകിസ്ഥാൻ ജനറൽ ആയിരുന്നു പർവേസ് മുഷറഫ് എന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹബൂബ മുഫ്തി.

അഗാധമായ അനുശോചനം. ഒരുപക്ഷെ കശ്മീർ പ്രശ്‌നം ആത്മാർത്ഥമായി അഭിസംബോധന ചെയ്യാൻ ശ്രമിച്ച ഒരേയൊരു പാകിസ്ഥാൻ ജനറൽ. ജമ്മു കശ്മീർ ജനതയുടെ ആഗ്രഹത്തിനനുസരിച്ച് ഇന്ത്യയ്ക്കും പാകിസ്ഥാനും സ്വീകാര്യമായ ഒരു പരിഹാരം അദ്ദേഹം ആഗ്രഹിച്ചു.- മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു

നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികില്‍സയിലിരിക്കെയാണ് പർവേസ് മുഷറഫ് അന്തരിച്ചത്. പാക്കിസ്ഥാന്റെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. കാര്‍ഗില്‍ യുദ്ധസമയത്ത് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു.

© 2024 Live Kerala News. All Rights Reserved.