മതേതര പാർട്ടിയാണെന്ന് മുസ്ലീം ലീ​ഗ്; നിരോധിക്കണമെന്ന ഹർജി തള്ളണമെന്നും ആവശ്യം

ന്യൂഡൽഹി: തങ്ങൾ മതേതര പാർട്ടിയാണെന്ന് മുസ്ലീം ലീ​ഗ്. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ലീ​ഗ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുസ്ലീം ലീ​ഗിനുണ്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് മുസ്ലിം ലീഗ്‌ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗിയെന്നാണ് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നത്. മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഹർജി തള്ളണമെന്നാണ് ലീഗിന്റ ആവശ്യം.

© 2024 Live Kerala News. All Rights Reserved.