സാക്കിര്‍ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ഖത്തര്‍

ഇന്ത്യയുടെ വിലക്ക് നേരിടുന്ന വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ച് ഖത്തര്‍. ഫിഫാ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചുവെന്ന രീതിയിൽ നടക്കുന്നത് വ്യാജപ്രചരണം മാത്രമാണെന്നും ഖത്തര്‍ നയതന്ത്ര മാര്‍ഗത്തിലൂടെ അറിയിച്ചു.

സാക്കിര്‍ നായിക്കിനെ ഖത്തർ ക്ഷണിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കേണ്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ പിന്‍വലിക്കുമെന്ന് ഖത്തറിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. മാത്രമല്ല, ലോക കപ്പിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ധന്‍കര്‍ ഖത്തറിലെ മറ്റ് നയതന്ത്ര ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ രാജ്യത്തേക്ക് മടങ്ങിയിരുന്നു.

എന്നാൽ ഫുട്‌ബോൾ ലോകകപ്പിനിടെ സാക്കിര്‍ നായിക് സ്വകാര്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നാണ് ഖത്തര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യ- ഖത്തർ ബന്ധം മോശമാക്കുന്നതിന് വേണ്ടി മൂന്നാമതൊരു രാജ്യം സാക്കിര്‍ നായിക്ക് വിഷയം ഈ സമയം എടുത്തിട്ടതാകാമെന്നും ഖത്തര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കലിനും മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷപ്രചാരണത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യം വിട്ട സാക്കിര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.