ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസർച് ഫൗൻഡേഷനെ (ഐആർഎഫ്) കേന്ദ്ര സർകാർ അഞ്ച് വർഷത്തേക്ക് വിലക്കി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഐആർഎഫ് നിയമവിരുദ്ധമായ സംഘടനയാണെന്നും അഞ്ച് വർഷത്തേക്ക് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഐആർഎഫ് സ്ഥാപകൻ സാകിർ നായികിന്റെ പ്രസംഗങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുപ്രസിദ്ധ ഭീകരരെ പ്രകീർത്തിക്കുന്നതായും ഓരോ മുസ്ലീമും തീവ്രവാദിയാകണമെന്ന് പ്രഖ്യാപിക്കുന്നതാണെന്നും സർകാർ പറഞ്ഞു. ‘യുവാക്കളെ നിർബന്ധിച്ച് മുസ്ലീങ്ങളാക്കി മാറ്റുന്നതിനെ സാകിർ നായികും പിന്തുണയ്ക്കുന്നു. ചാവേർ ആക്രമണങ്ങളെ അദ്ദേഹം അനുകൂലിച്ചു. ഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കും മറ്റ് മതങ്ങൾക്കും എതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി’, വിജ്ഞാപനത്തിൽ പറയുന്നു.
മുസ്ലീം യുവാക്കളെയും തീവ്രവാദികളെയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ സാകിർ നായിക് പ്രോത്സാഹിപ്പിക്കുകയാണ്. ഗുജറാത്, കർണാടക, ഝാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഒഡീഷ, ജമ്മു കശ്മീർ എന്നീ പ്രദേശങ്ങളിൽ ഐആർഎഫിന്റെയും അതിന്റെ അംഗങ്ങളുടെയും അനുബന്ധ സംഘടനകളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി.