ബ്രസൽസ്: എല്ലാ മൊബൈൽ ഫോണുകൾക്കും ഒരൊറ്റ ചാർജിങ് പോർട്ടെന്ന നയത്തിന് അംഗീകാരം നൽകി യുറോപ്യൻ യൂണിയൻ. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, കാമറ എന്നിവക്കെല്ലാം 2024 മുതൽ ഒരു ചാർജിങ് പോർട്ട് മാത്രമായിരിക്കും ഉണ്ടാവുക. ടൈപ്പ് സി പോർട്ട് ഉപയോഗിക്കണമെന്നാണ് നിർദേശം. ആപ്പിളിന്റെ ഐഫോണിനേയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ യു.എസ്.ബി ടൈപ്പ് സി പോർട്ടാണ് ചാർജിങ്ങിനായി ഉപയോഗിക്കുന്നത്. എന്നാൽ, ആപ്പിളിൽ ലൈറ്റിനിങ് പോർട്ടാണ് ചാർജിങ്ങിന് ഉപയോഗിക്കുന്നത്. തീരുമാനം നിലവിൽ വന്നാൽ ആപ്പിളിന് അവരുടെ ചാർജിങ് പോർട്ട് മാറ്റേണ്ടി വരും.
ഇ-റിഡേഴ്സ്, ഇയർബഡ് എന്നിവയെല്ലാം പുതിയ നയത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ സാംസങ് വാവേയ് തുടങ്ങിയ കമ്പനികൾക്കും അത് തിരിച്ചടിയുണ്ടാക്കും. അതേസമയം, ആപ്പിളോ സാംസങ്ങോ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കൂട്ടുമെന്നും പുതിയ കണ്ടുപിടിത്തങ്ങൾക്ക് തടസമാണെന്നും ചൂണ്ടിക്കാട്ടി ആപ്പിൾ തീരുമാനത്തെ എതിർത്തിരുന്നു.