പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ വിഭജിച്ച നടപടി റദ്ദാക്കിയതിന് പിന്നാലെ പഞ്ചായത്ത് വിഭജനത്തിലും സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സർക്കാ‌ർ നടപടിയാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിച്ചല്ല പഞ്ചായത്ത് രൂപീകരണം എന്ന് സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള വ്യക്തമാക്കി. ഇതോടെ സർക്കാർ പുതിയതായി രൂപീകരിച്ച അറുപത്തിയൊന്പതോളം പഞ്ചായത്തുകളുടെ അംഗീകാരം റദ്ദാവും.

പഞ്ചായത്തീ രാജ് നിയമം അനുസരിച്ച്, ഒരു പഞ്ചായത്ത് രൂപീകരിക്കുന്പോൾ ആ പ‌ഞ്ചായത്തിലെ വില്ലേജുകൾ അതിനുള്ളിൽ തന്നെ വരണം എന്നാണ് വ്യവസ്ഥ. എന്നാൽ,  പുതിയതായി രൂപീകരിച്ച പഞ്ചായത്തുകളിലെ ചില വില്ലേജുകൾ മറ്റൊരു പഞ്ചായത്തിൽ വരുന്ന രീതിയിലാണ് സർക്കാർ വിഭജനം നടത്തിയത്. ഇതാണ് കോടതി റദ്ദാക്കിയത്. മാത്രമല്ല, നിലവിലെ വാർഡുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിച്ചതും കോടതി റദ്ദാക്കി. ഈ വിഭജനങ്ങളൊന്നും തന്നെ നിയമപരമായ രീതിയിൽ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിഭജനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി 48 പഞ്ചായത്തുകളാണ്  ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബറിൽ തിരഞ്ഞെടുപ്പും നവംബർ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്നതുമായിരുന്നു  പതിവ്. പഞ്ചായത്ത് രൂപീകരണം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ 2010ലെ വാർഡ് വിഭജനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് സർക്കാരിനു മുന്നിൽ ഇനിയുള്ള പോംവഴി. 204 പഞ്ചായത്തുകളിലും 30 നഗരസഭകളിലും നാല് കോർപറേഷനുകളിലുമാണ് വാർഡുകൾ സർക്കാർ പുനർവിഭജിച്ചത്.

© 2024 Live Kerala News. All Rights Reserved.