പ്രതികരണ ശേഷിയുള്ള സ്ത്രീകളെ വേശ്യകളായി മുദ്രകുത്തുന്ന നവമാധ്യമ പുരുഷ സംസ്‌ക്കാരം പ്രവീണ വസന്ത് എഴുതുന്നു…

നിങ്ങള്‍ക്കുത്തരമില്ലാത്ത ചോദ്യം ചോദിക്കുകയും ഇഷ്ടമില്ലാത്ത കാര്യം പറയുകയും ചെയ്യുന്ന പെണ്ണല്ലേ ‘ വെടിയും വേശ്യയും തേവിടിശിയും’..? അസ്ഥിത്വം കവലയിലെറിഞ്ഞ് ജീവിക്കുന്ന, താങ്കളെ വളര്‍ത്തിയവളും, ഒരു താലിച്ചരടില്‍ സ്വത്വത്തെ കെട്ടിത്തൂക്കി, പായ വിരിച്ചും, വെച്ച് വിളമ്പിയും കൂടെപ്പൊറുക്കുന്ന അവളാണത്…” വേശ്യ” എന്നും താങ്കള്‍ക്ക് സന്തോഷം തന്നിട്ടുണ്ട്; സന്തോഷമെന്തെന്ന്, അവള്‍ ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലെങ്കിലും…

praveena vasanth copy

പ്രവീണ വസന്ത്

എഴുതുന്നു…

വിഷയം എന്തുമായിക്കൊള്ളട്ടെ, വാദിച്ച് ജയിക്കാനാവാതെ വരുമ്പോള്‍, ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ പോസ്റ്റ് ഇട്ട വ്യക്തിയെ (പ്രത്യേകിച്ച സ്ത്രീകളെ) വേശ്യാലയത്തിലേക്ക് വലിച്ചിഴയ്ക്കുന്ന സംസ്‌ക്കാരം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ദ്ദിച്ച് വരുകയാണ്.

ഇത്തരത്തില്‍ സ്ത്രീകളെ ‘വേശ്യ’ യെന്ന് വിളിച്ച് പരസ്യമായി അപമാനിക്കുന്നവര്‍, അവരുടെ നശിച്ച നാക്കിനും, അതില്‍ നിന്നു പുറത്ത് വരുന്ന, ദുഷിച്ച വാക്കുകളുടേയും, അപമാന ശരങ്ങള്‍ ഏല്‍ക്കുന്നത് സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്ക് തന്നെയാണെന്ന് അറിയുന്നില്ല. കാരണം, തെറിയും തെമ്മാടിത്തം പറച്ചിലും ആണിന്റെ മാത്രം കുത്തകയായി കണകാക്കുകയാണ് ഇവര്‍. അന്യ സ്ത്രീകളെ ‘അഭിസാരികകള്‍ ‘ എന്ന് മുദ്ര കുത്തുമ്പോള്‍ തിരികെ ആണിനെ വിളിക്കാന്‍ അവള്‍ക്ക് വാക്കുകളില്ല. എന്നാല്‍ പെണ്ണിന്റെ മാനത്തിന് പോലും വിലയിടുന്ന ഇത്തരം ശുഭന്‍മാരുടെ(പ്രകാശം പരത്തുന്നവന്‍) വീട്ടിലെ പെണ്ണിനെ വിളിക്കാന്‍ പ്രതികരണശേഷിയുള്ള സ്ത്രീ സമൂഹത്തിന് പല വാക്കുകളുമുണ്ട്. ഉദാഹരണത്തിന് അഭിസാരികയെന്നോ, വേശിയെന്നോ, അഅങ്ങനെ പലതും.

അഭിപ്രായ സ്വാതന്ത്ര്യം…

സോഷ്യല്‍ മീഡിയ ആരുടേയും തറവാട് സ്വത്തല്ല. അത് ആണിനും പെണ്ണിനും തുല്യഅവകാശമാണ് നല്‍കുന്നത്. പിന്നെന്തിനാണ് നിങ്ങള്‍ക്കീ അസഹിഷ്ണുത ?? സോഷ്യല്‍ മീഡിയ ഒരു പൊതു ഇടമാണ.് ആണിനുള്ള പോലെ പെണ്ണിനും സ്വന്തം അഭിപ്രായങ്ങള്‍ പറയാവാനും, വിശ്വസിക്കുന്ന പ്രസ്ഥാനത്തെക്കുറിച്ചോ, ആരാധിക്കുന്ന വിഗ്രഹങ്ങളെക്കുറിച്ചോ, അങ്ങനെ എന്തിനെക്കുറിച്ചും അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകള്‍ വ്യക്തമാക്കാം ഇവിടെ. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത നിലപാടുകളെ തൃണ വല്‍ക്കരിച്ച്, ആ നിലപാടുകളുടെ പിതൃത്ത്വത്തെ, ഏറ്റവും നീചമായ രീതിയില്‍ അവഹേളിക്കുകയാണ് ചിലര്‍.

‘സ്വന്തം വീട്ടിലെ സ്ത്രീകളെല്ലാം ദേവികള്‍.. മറ്റുള്ളവര്‍ ദേവദാസികള്‍ ‘ എന്ന രീതിയില്‍ പറയാനും പെരുമാറാനും നിങ്ങള്‍ എന്തിനു മുതിരുന്നു ??? സ്വത്വം ആര്‍ക്കും പണയം വച്ചിട്ടില്ലാത്തവര്‍ക്കു മാത്രമേ അഭിപ്രായങ്ങള്‍ ഉണ്ടാകൂ… ആ ഒരൊറ്റ കാരണം കൊണ്ട്, ആരും സ്വഭാവ ശുദ്ധി ഇല്ലാത്തവര്‍ ആകുന്നില്ല. സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നവരെ, എന്തിനാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത്.?

ചിലര്‍ തങ്ങളുടെ ചിന്താശക്തി ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിനോ, മതത്തിനോ പണയം വച്ചെന്നു കരുതി, എല്ലാവരും അങ്ങനെ ആകണം എന്നുണ്ടോ …? ഒരിയ്ക്കലുമില്ല … അഭിപ്രായം പറയുന്ന പെണ്ണിനെ ‘ഫെമിനിച്ചി’ , ‘ഡെസ്പറെറ്റ് ആന്റി പ്രോ’ എന്നൊക്കെ നിങ്ങള്‍ മുദ്ര കുത്തുന്നു. അവരുടെ കുടുംബത്തെപോലും വെറുതെ വിടാതെ, ഫോട്ടോസ് മോര്‍ഫ് ചെയുന്നു. സമര്‍ത്ഥമായ ഫോട്ടോഷോപ്പ് … ഇതിലൂടെ നിങ്ങള്‍ എന്താണ് നേടുന്നത് ??? എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ഇതില്‍ നിന്നും ലഭിക്കുന്നത്..? നിങ്ങളില്‍ പലരുടെയും രഹസ്യമായ ഗ്രൂപ്പ് ചാറ്റുകള്‍, പെണ്ണിന്റെ മാനത്തിന് വെറും ഇറച്ചി വിലയിടുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിലെ അമ്മയേയും, പെങ്ങളേയും, ഭാര്യയേയും ഓര്‍ക്കാറില്ലേ ?? ഉണ്ടാകില്ല … എന്നാല്‍ നിങ്ങള്‍ ഓര്‍ക്കണം… അത് പോലെ തന്നെയാണ് ഓരോ സ്ത്രീകളും.. മനസിലായില്ലേ..? ഒരിക്കല്‍ക്കൂടി വ്യക്തമാക്കാം ..

നിങ്ങള്‍ക്കുത്തരമില്ലാത്ത ചോദ്യം ചോദിക്കുകയും ഇഷ്ടമില്ലാത്ത കാര്യം പറയുകയും ചെയ്യുന്ന പെണ്ണല്ലേ ‘ വെടിയും വേശ്യയും തേവിടിശിയും’..? അസ്ഥിത്വം കവലയിലെറിഞ്ഞ് ജീവിക്കുന്ന, താങ്കളെ വളര്‍ത്തിയവളും, ഒരു താലിച്ചരടില്‍ സ്വത്വത്തെ കെട്ടിത്തൂക്കി, പായ വിരിച്ചും, വെച്ച് വിളമ്പിയും കൂടെപ്പൊറുക്കുന്ന  അവളാണത്.
വേശ്യ എന്നും താങ്കള്‍ക്ക് സന്തോഷം തന്നിട്ടുണ്ട്; സന്തോഷമെന്തെന്ന്, അവള്‍ ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലെങ്കിലും…

© 2024 Live Kerala News. All Rights Reserved.