ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഇതുസംബന്ധിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഏജന്‍സിവൃത്തങ്ങള്‍ അറിയിച്ചു.
വിവിധ കുറ്റകൃത്യങ്ങളിലൂടെ നേടിയ തുകയില്‍നിന്ന് കോടികള്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയതായി അന്വേഷണത്തില്‍ ഇ.ഡി. കണ്ടെത്തിയിരുന്നു. കൂട്ടാളിയായ പിങ്കി ഇറാനിയെയാണ് സമ്മാനങ്ങള്‍ കൈമാറാന്‍ സുകേഷ് ഏല്‍പ്പിച്ചത്. പ്രമുഖ ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വജ്രാഭരണങ്ങള്‍, 52 ലക്ഷം രൂപവിലവരുന്ന കുതിക, 9 ലക്ഷം വീതം വിലയുള്ള നാല് പേര്‍ഷ്യന്‍ പൂച്ചകള്‍, മിനി കൂപ്പര്‍ കാര്‍ തുടങ്ങി 10 കോടിയോളം മൂല്യമുള്ള സമ്മാനങ്ങളാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.