ഹാജരാകേണ്ടെന്നത് പാർട്ടി തീരുമാനം; ഇഡിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; അന്വേഷണത്തിൽ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയ്‌ക്കെതിരെ മുൻ ധനമന്ത്രി തേമസ് ഐസക്ക്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ് ഇഡിയുടെ ഉദ്ദേശ്യമെന്ന് തോമസ് ഐസക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന തീരുമാനം പാർട്ടിയുമായി ചർച്ച ചെയ്ത് എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തമായ കാരണം കാണിക്കാതെയാണ് ഇഡി നോട്ടീസ് നൽകിയതും, അന്വേഷണം നടത്തുന്നതും. ഇത്തരം അന്വേഷണം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. താൻ ചെയ്ത കുറ്റം എന്തെന്ന് ഇഡി പറയണം. അല്ലെങ്കിൽ തനിക്കെതിരായ നോട്ടീസ് പിൻവലിക്കണം. ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ചട്ടുകമാണ്. താൻ ഫെമ നിയമം ലംഘിച്ചെന്നാണ് ഇഡി പറയുന്നത്. അങ്ങനെയെങ്കിൽ ആദ്യം നടപടി സ്വീകരിക്കേണ്ടത് ആർബിഐ ആണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ഇഡി അന്വേഷണത്തിൽ ആശങ്കയില്ല. സിബിഐയ്‌ക്കില്ലാത്ത പ്രത്യേക അവകാശങ്ങൾ ഇവർക്കുണ്ടെന്നാണ് വയ്പ്പ്. രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാനും, സർക്കാരിനെ അട്ടി മറിയ്‌ക്കാനുമായി കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാനാണ് നിലവിലെ അന്വേഷണം. ഇഡിയെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. പാർട്ടിയുമായി ആലോചിച്ചാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.