പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യണം എന്ന് ക്രൈംബ്രാഞ്ച്. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറി എന്നാണു ആരോപണം. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നാണു ക്രൈംബ്രാഞ്ച് നിലപാട്.
അതെ സമയം മോൻസൺ മാവുങ്കലുമായി ബന്ധം ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ വഞ്ചനക്കേസിൽ ഉൾപ്പെട്ടതിന് തെളിവുകൾ ഇല്ലെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചു. ഐ.ജി ജി. ലക്ഷ്മൺ, വിരമിച്ച ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ചേർത്തല മുൻ സി.ഐ പി. ശ്രീകുമാർ, സി.ഐമാരായ എ. അനന്തലാൽ, എ.ബി. വിപിൻ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്. ഇവർ മോൻസണുമായി അടുത്ത ബന്ധം പുലർത്തുകയും ചിലർ പണമിടപാട് നടത്തുകയും ചെയ്തതിനപ്പുറം തട്ടിപ്പിൽ ഇവരുടെ പങ്കാളിത്തം ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചത്.