ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതി അടിയന്തിരമായി ഇടപെട്ടത്.

‘ദേശീയ പാതകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കണം. റോഡപകടങ്ങള്‍ക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകള്‍ നഷ്ടമാകണം. റോഡപകടങ്ങള്‍ മനുഷ്യനിര്‍മ്മിത ദുരന്തമാണ്’ – കോടതി പറഞ്ഞു.

അങ്കമാലിക്കടുത്ത് അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടത്. റോഡിലെ കുഴികളടയ്ക്കാന്‍ കോടതി നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് അമികസ്‌ക്യൂറി മുഖേന നിര്‍ദ്ദേശം നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.