ഒരു ദിവസം നിർമിച്ചത് ഒന്നര ലക്ഷം പതാകകൾ: സ്വന്തം റെക്കോർഡ് തകർത്ത് ഇന്ത്യയുടെ ഫ്ലാഗ് അങ്കിൾ

ഡൽഹി: തലസ്ഥാന നഗരത്തിൽ അബ്ദുൽ ഗഫാറിനെ അറിയാത്തവർ ആരും തന്നെയില്ല. ദേശീയ പതാകകൾ ചെയ്തു കൂട്ടുന്ന അബ്ദുൽ ഗഫാറിനെ കുട്ടികൾ സ്നേഹപൂർവ്വം വിളിക്കുന്നത് ‘ഫ്ലാഗ് അങ്കിൾ’ എന്നാണ്. ഉത്തരേന്ത്യയിലെ നിരവധി മാർക്കറ്റുകളിലേക്ക് പതാകകൾ തയ്യാറാക്കുന്നത് ഗഫാറും തൊഴിലാളികളും ചേർന്നാണ്.ഡൽഹിയിലെ സദർ ബസാറിലെ ചെറിയൊരു ഇടുങ്ങിയ മുറിയിൽ ഒരു തയ്യൽ മെഷീനുമായാണ് അബ്ദുൽ ഗഫാർ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രതിദിനം പതിനായിരക്കണക്കിന് പതാകകളാണ് ഈ മുറിയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. ഒരു ദിവസം ഒന്നരലക്ഷം പതാകകൾ വരെ ഗഫാറും സഹപ്രവർത്തകരും ചേർന്ന് തയ്ച്ചു വിട്ടിട്ടുണ്ട്.
കഴിഞ്ഞ 60 വർഷമായി അബ്ദുൽ രാജ്യത്തിനു വേണ്ടി പതാക തയ്ക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്തും അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ സമയത്തും അണ്ണാ ഹസാരെയുടെ പ്രക്ഷോഭ സമയത്തുമെല്ലാം ലക്ഷക്കണക്കിന് പേരുടെ കൈകളിൽ അബ്ദുലിന്റെ പതാകകൾ പാറിപ്പറന്നിട്ടുണ്ട്. ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ ഓരോ വീടുകളിലും പതാകയുയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെ തുടർന്ന് കച്ചവടത്തിന് ഏറ്റവും സമൃദ്ധമായ നാളുകളിലൂടെയാണ് അബ്ദുലിന്റെ സ്ഥാപനം പൊയ്ക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് ഇരുപത് കോടി ഗൃഹങ്ങളിലേക്കുള്ള പതാകകൾ ഈ വർഷം ആവശ്യമായി വരുമെന്നാണ് കണക്ക്.

© 2024 Live Kerala News. All Rights Reserved.