കേരളത്തിലെ സഹകരണ മേഖലയെ സിപിഐഎം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപത്തുക പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ചികിത്സ കിട്ടാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവം ഈ അഴിമതിയുടെ ഫലമാണ്. മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപം ഉണ്ടായിരുന്നിട്ട് കൂടി ഒരു അടിയന്തിര ഘട്ടത്തില്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറ്റിയ സിപിഐഎമ്മാണ് ഈ മരണത്തിന്റെ ഉത്തരവാദി. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും കേരളാ പൊലീസ് ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി ഉള്‍പ്പടെ 11,000ത്തോളം പേരുടെ 312 കോടിയുടെ നിക്ഷേപമായിരുന്നു കരുവന്നൂര്‍ ബാങ്ക് വിഴുങ്ങിയതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.