എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി വീണ്ടും

കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ വീണ്ടും തെരഞ്ഞെടുത്തു. ഔദ്യോഗിക പാനലില്‍ നിന്നുള്ള ഡോ. എം.എന്‍. സോമനാണു യോഗം പ്രസിഡന്റ്. ഇത് അഞ്ചാം തവണയാണു വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറിയാകുന്നത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ദേവസ്വം സെക്രട്ടറി സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. 8946 വോട്ടുകളാണ് വെള്ളാപ്പള്ളി നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥി ഷാജി വെട്ടൂരാന് 307 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച എം.എന്‍. സോമന്‍ 8892 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ചെറുന്നീയൂര്‍ ജയപ്രകാശിന് 374 വോട്ട് നേടാനേ  കഴിഞ്ഞുള്ളൂ.

ദേവസ്വം സെക്രട്ടറിയായി അരയക്കണ്ടി സന്തോഷ് 8886 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍. ധനേശന് 376 വോട്ടേ കിട്ടിയുള്ളു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔദ്യോഗിക പാനലിനെ വിജയിപ്പിച്ച സമുദായാംഗങ്ങളോട് ഏറെ നന്ദിയുണ്ടെന്നു വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.