ജയിലില്‍ കിടന്നോളാം, പക്ഷേ ആശുപത്രിയില്‍ കിടക്കുന്ന അമ്മ ഇതറിയരുത് എന്നു മാത്രമായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്

കൊച്ചി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും എന്ന അഭ്യൂഹം പരന്നപ്പോള്‍ അതില്‍ പ്രശ്നമില്ലെന്നാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ജയിലില്‍ കിടന്നോളാം, പക്ഷേ ആശുപത്രിയില്‍ കിടക്കുന്ന അമ്മ ഇതറിയരുത് എന്നു മാത്രമായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്. ഇഡിയുടെ ചോദ്യം ചെയ്യലിന് കോണ്‍ഗ്രസ് എതിരല്ല. അതിന്‍റെ രീതിയോടാണ് എതിര്‍പ്പെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണ മനഃപൂര്‍വം പരത്തി സിപിഎമ്മിനെ സഹായിക്കുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തത്.

തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണം നിലച്ചത് അതിന്‍റെ തെളിവാണ്. അന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെ ഒന്നു വിളിച്ചു ചോദിക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയാറായില്ല.

ആരോപണങ്ങള്‍ എല്ലാം വിശ്വസിക്കുന്നില്ലെങ്കിലും അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റ്. കേരളത്തിലും ബിജെപിയുടെ ടാര്‍ഗറ്റ് കോണ്‍‍ഗ്രസ് തന്നെയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.