തൃശൂർ: ജില്ലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി. യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും കെ. കരുണാകരന്‍റെ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളാണ് കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് എത്തിയത്.
ഒ.ബി.സി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും ഒല്ലൂർ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോൺഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ജവഹർ ബാലഭവൻ തൃശൂർ മണ്ഡലം പ്രസിഡന്‍റും മഹിള കോൺഗ്രസ് ഭാരവാഹിയുമായ മാലതി വിജയൻ, ഐ ഗ്രൂപ് നേതാവും യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയുമായ അനിൽ പൊറ്റേക്കാട്, ഐ.എൻ.ടി.യു.സി ഒല്ലൂർ മണ്ഡലം വൈസ് പ്രസിഡന്‍റും ഒല്ലൂർ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങൽ, തൃശൂർ വ്യവസായ സഹകരണസംഘം പ്രസിഡന്‍റ് ഷിജു വെളിയന്നൂർകാരൻ, നടത്തറ പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഡി.സി.സി അംഗവുമായ സജിത ബാബുരാജ് എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.