കോഴിക്കോട്: ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ എത്തുന്നു. നാളെ വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ട്ടി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ അദ്ധ്യക്ഷനായതിന് ശേഷം ആദ്യമായാണ് ജെ.പി.നദ്ദ കോഴിക്കോട്ട് പൊതു സമ്മേളനത്തിനെത്തുന്നത്. മലബാറില്‍ വിശേഷിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന കേന്ദ്രവിരുദ്ധ-ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പെടുത്തും. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തും. ആഗോള ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഈ കേസില്‍ കൃത്യമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റുകയാണുണ്ടായത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ വഴി കേന്ദ്ര സര്‍ക്കാരിനെ ഈ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുമെന്നും സജീവന്‍ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ നിര്‍വാഹക സമിതി അംഗം സി.പി. രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എ.പി.അബ്ദുളളക്കുട്ടി, ടോം വടക്കന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പതിനായിരത്തിലേറെ മഹിളാപ്രവര്‍ത്തകരുള്‍പ്പെടെ അര ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.വി. സുധീര്‍, ടി. ദേവദാസ്, മേഖല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.