ന്യൂഡല്‍ഹി: ബുധനാഴ്ച പ്രധാനമന്ത്രിയുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിനിടെ കസേരയിലിരുന്ന് വലിഞ്ഞുനിവര്‍ന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ‘മര്യാദയില്ല’ എന്ന് ബിജെപിയുടെ വിമര്‍ശനം. ‘മര്യാദയില്ലാത്ത ഡല്‍ഹി മുഖ്യമന്ത്രി’ എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ വലിഞ്ഞുനിവരുന്നത് കാണാം. രാജ്യത്തെ കോവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാനാണ് ബുധനാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറ് കടന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ച പശ്ചാത്തലത്തില്‍ വാറ്റ്, സംസ്ഥാന നികുതിയില്‍ കുറവ് വരുത്താത്ത സംസ്ഥാനങ്ങള്‍ ഇളവ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനനികുതിയില്‍ സംസ്ഥാനങ്ങള്‍ക്ക് എത്ര വരുമാനം ലഭിച്ചുവെന്ന് പ്രധാനമന്ത്രി വിശദീകരിക്കുന്നതിനിടെ, അരവിന്ദ് കെജ്‌രിവാള്‍ വലിഞ്ഞുനിവര്‍ന്നശേഷം കസേരയില്‍ പിന്നിലേക്ക് ചായുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം തലയ്ക്ക് പിന്നിലായി അദ്ദേഹം കൈകള്‍ കെട്ടുന്നതും വീഡിയോയിലുണ്ട്.
ഭരതീയ ജനത യുവമോര്‍ച്ചയും വീഡിയോ ട്വീറ്റ് ചെയ്തു. ‘കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം നടത്തുമ്പോള്‍ അരവിന്ദ് കെജ്‌രിവാളിന്റെ പ്രവൃത്തി ശ്രദ്ധിക്കൂ. എന്ത് സംസ്‌കാരമാണ് അദ്ദേഹത്തിന്റേതെന്ന് എനിക്കറിയില്ല. പ്രധാനമന്ത്രിക്ക് മുന്‍പില്‍ ഇരിക്കാനോ, സംസാരിക്കാനോ ഉള്ള മര്യാദ ഈ മനുഷ്യനില്ല. എന്ത് നാണംകെട്ട വ്യക്തിയാണ് അദ്ദേഹം.’- വീഡിയോ ഷെയര്‍ ചെയ്ത് ബിജെപി ഡല്‍ഹി ഘടകം വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ വിമര്‍ശിച്ചു.