തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ സംസ്ഥാന നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തെ തകര്‍ക്കുകയും വലിയ കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ദേശീയ ജനാധിപത്യ സഖ്യം വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മേയ് 20ന് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാവുമ്പോള്‍ വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ മേല്‍ പിണറായി വിജയന്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് വ്യവസായങ്ങള്‍ തകര്‍ന്നു. വ്യവസായികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അക്രമങ്ങള്‍ എല്ലാ സ്ഥലത്തും നടക്കുകയാണ്. കേന്ദ്ര പദ്ധതികളുടെ പണം സംസ്ഥാനത്ത് ചിലവഴിക്കുന്നില്ലെന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തിയതായും സുരേന്ദ്രന്‍ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍വ്വ ശക്തിയുമെടുത്ത് മത്സരിക്കാന്‍ നേതൃയോഗത്തില്‍ തീരുമാനമായി. 22 ന് തൃക്കാക്കര എന്‍ഡിഎ യോഗം നടക്കും. താഴെ തട്ടില്‍ വരെ മുന്നണി സംവിധാനം വ്യാപിപ്പിക്കും. മതന്യൂനപക്ഷങ്ങളെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും മുന്നണിയിലേക്ക് ആകര്‍ഷിക്കും.